Wednesday, March 4, 2009

ഒരു മൂന്നാര്‍ സമരഗാഥ-3

കുളിച്ചു കുട്ടപ്പനായി ഞാന്‍ അന്ന് രാവിലെ കോളേജില്‍ എത്തി .. അമ്മ എത്തിയിട്ടില്ല...ചിലരുടെ രക്ഷിതാക്കളൊക്കെ വരുന്നുണ്ട്... അപ്പോഴാണ് ആര്‍ക്കോ ഒരു പുത്തന്‍ ബുദ്ധി ഉദിച്ചത് ... "എടാ ..രക്ഷിതാക്കള്‍ ഇങ്ങനെ വെറുതെ പി ടി എ മീടിങ്ങിനു പോയാല്‍ കുഴപ്പമാവും. സാറന്മാര്‍ മിക്കവാറും പാര വയ്ക്കും ..അവര്‍ മീറ്റിങ്ങ് ഹോളിനകതെക്കു കയറുന്നതിനു മുന്‍പ് നമുക്ക് അവരെ ബോധവല്ക്കരിക്കാം ... "..ഹോ നല്ല ഐഡിയ.. അങ്ങനെ ഞങ്ങള്‍ ഒരു കുഞ്ഞു നോടിസും എഴുതിയുണ്ടാക്കി ഫോട്ടോസ്റ്റാറ്റ് എടുത്തു വിതരണം ചെയ്യാന്‍ തീരുമാനിച്ചു..സ്വന്തം രക്ഷിതാക്കള്‍ വരുമ്പോള്‍ മാറി നിന്ന് നല്ല കുട്ടി ആവുക..അല്ലാത്തപ്പോള്‍ നോട്ടീസ് വിതരണം ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ തന്ത്രം ...

ആദ്യം ഒരാള്‍ വന്നു .. ഞങ്ങള്‍ നോട്ടീസ് കൊടുത്തു ...ആ പുള്ളിക്കാരന്‍ ഞങ്ങളെ ഒന്ന് നോക്കി .. ഹോ ഒരു വൃത്തി കേട്ട നോട്ടം. പക്ഷെ ഒന്നും മിണ്ടീല ...അടുത്ത ആള്‍ വന്നു ..സെയിം പരിപാടി ..ഒരു വൃത്തി കേട്ട നോട്ടം ..ഒന്നും മിണ്ടീല.!!! അടുത്തയാള്‍ ...ഞങ്ങള്‍ പ്രതീക്ഷിച്ചത് ഒരു സെയിം നോട്ടം..അല്ലെങ്കില്‍ പുറത്തു തട്ടി ഒരു അഭിനന്ദനം.. "നല്ല ചുണക്കുട്ടന്മാര്‍ ".........

"ഫ. വൃതികെട്ടവന്മാരെ ..." എന്നും തുടങ്ങി ഞങ്ങളുടെ വീട്ടിലുള്ള മനുഷ്യരെ പോട്ടെ.. ആട് ,കോഴി ,പൂച്ച,പട്ടി തുടങ്ങിയ സാധനങ്ങളെയും പുള്ളിക്കാരന്‍ തെറി വിളിച്ചു. എന്നിട്ട് ഒരു ഫൈനല്‍ കമന്റും .."നിങ്ങളൊക്കെ കൂടി എന്റെ കുട്ടിയെ പഠിക്കാന്‍ സമ്മതിക്കില്ല അല്ലെ ?"...ഹോ ...ദൈവമേ അതാരാണാവോ ..ഇത്രേം നന്നായി പഠിക്കുന്ന കുട്ടി ...ഓഹോ..പുള്ളിക്കാരന്റെ പുറകില്‍ ഒരു നിഴല്‍ ...ഹെന്റമ്മേ ..നാല് നേരോം വെള്ളോം കഞ്ചാവുമാടിച്ചു നടക്കുന്ന ഇവനെ പറ്റിയാണോ "എന്റെ കുട്ടിയെ പഠിക്കാന്‍ സമ്മതിക്കുന്നില്ല " എന്ന് ആ മനുഷ്യന്‍ പറഞ്ഞത്. ഹും ..എന്തായാലും ഇനി ഈ പരിപാടി നടക്കൂല... എന്തിനു വെറുതെ വീട്ടിലുള്ളവരെ പറയിപ്പിക്കണം .

അങ്ങനെ ഒന്നും ചെയ്യാനില്ലാതെ തൂണും ചാരി നില്ക്കുമ്പോഴാണ് അമ്മ വിളിക്കുന്നത് ."ഞാന്‍ താഴെ ബസ് സ്റ്റോപ്പില്‍ ഉണ്ട്..".."ഒരു മിനിറ്റ് ..ഇപ്പൊ എത്താം !!"... അങ്ങനെ നേരെ ബസ് സ്ടോപിലേക്ക് വിട്ടു. എത്തുമ്പോള്‍ അമ്മ അങ്ങനെ ബസ് സ്റ്റോപ്പില്‍ നില്ക്കുന്നുണ്ട്.".

"ശെരി ..നമുക്ക് നീ താമസിക്കുന്ന വീട്ടില്‍ പോകാം ...".
എന്റെ ചങ്കീന്നു രണ്ടു കിളികള്‍ ചിറകിട്ടടിച്ചു പറന്നു പോയി. വീട്ടിലാണെങ്കില്‍ സമരത്തിന്റെ ടെന്‍ഷന്‍ കാരണം എല്ലാവരും 24*7 വെള്ളത്തിലും പുകയിലുമാണ്.. !!!!
."അല്ല ...എന്തിനു ??"..."പിന്നെ ഇവിടെ വരെ വന്നിട്ട് നിങ്ങളുടെ വീട്ടില്‍ വരാതെ പിന്നെ...".

ഇനി രക്ഷയില്ല...വീട്ടിലേക്കു പോയെ പറ്റൂ.. ഞാന്‍ അവിടുത്തെ സീനുകള്‍ ഒന്ന് ഇമാജിന്‍ ചെയ്തു.

കുറെ ആളുകള്‍ കോളേജില്‍ എത്തി.. എന്നാലും ഇനിയും ആളുകള്‍ വീട്ടിലുണ്ട്.
ചാത്തനും എസ്കുവുമൊക്കെ ഇന്നല്ലതെതിന്റെ ബാക്കി അടിച്ചു പിമ്പിരി ആയിട്ടിരിപ്പാവും . കുറെയെണ്ണം സിഗരറ്റും വലിച്ചോണ്ട് തേരാ പാര നടക്കുന്നുണ്ടാവും..വീട്ടിലാണെങ്കില്‍ ഒരു റൂം നിറയെ ഒഴിഞ്ഞ ബോട്ടിലുകള്‍ ആണ്. സിഗരട്ട് കുറ്റികള്‍ ആണെങ്കില്‍ എല്ലാ റൂമുകളിലും നിറഞ്ഞിരിക്കുന്നു ഹോ .എന്ത് ചെയ്യും.. ഇമാജിന്‍ ചെയ്തു ചെയ്തു വീട്ടിലെത്തിയത് അറിഞ്ഞില്ല.

"അമ്മെ വീട്ടിലെതിയില്ലേ ..ഇനി നമുക്ക് കോളേജില്‍ പോകാം "..വീട്ടിന്റെ മുറ്റതു നിന്നാണ് ഞാന്‍ ഇത് പറയുന്നത് .അമ്മ അത് കേട്ടില്ലെന്നു മാത്രമല്ല എന്നെ ഒന്ന് നോക്കുക കൂടി ചെയ്തു..
ദൈവമേ..എന്ത് ചെയ്യും..വരുന്നിടത്ത് വച്ചു കാണുക തന്നെ ..
അങ്ങനെ അമ്മ വീട്ടിനുള്ളിലേക്ക് കയറി..ഞാന്‍ മുറ്റത്തും ... അമ്മ ഒന്നും മിണ്ടുന്നില്ല. ഹോ ..പ്രശ്നമായി .. ഞാന്‍ മെല്ലെ അകത്തോട്ടു കയറി ..എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല ..വീട് കമ്പ്ലീറ്റ് അടിച്ചു വാരി വൃത്തി ആയിട്ടിരിക്കുന്നു..കുപ്പികള്‍? ചാത്തനെ ഞാനൊന്നു പാളി നോക്കി .ലവന്‍ കുളിച്ചു നല്ല കുട്ടി ആയി ഇരിക്കുന്നു. . അവന്‍ കൈ കൊണ്ട് ആക്ഷന്‍ കാണിച്ചു ..ഹോ...എല്ലാം ഭദ്രമായി അടുത്ത മുറിയില്‍ വച്ചു പൂട്ടി താക്കോല്‍ പോക്കറ്റില്‍ ഇട്ടിട്ടുണ്ട്..

അങ്ങനെ അതും ഓക്കേ!!! "അപ്പൊ ഇനി കോളേജിലേക്ക് പോകാം അല്ലെ? " .
"അതെ..അതെ ". ..അങ്ങനെ കോളേജിലെത്തി.അവിടെ മീറ്റിങ്ങ് തുടങ്ങി കഴിഞ്ഞിരുന്നു. അമ്മയോട് അകത്തു കയറിയിരിക്കാന്‍ പറഞ്ഞു. അകത്തു നിന്ന് പുറത്തു കേള്‍ക്കാത്ത രീതിയില്‍ എന്തൊക്കെയോ പറയുന്നുണ്ട്. "ഹും ...ഇത് ശെരിയാവില്ല ...ഞങ്ങളേം കൂടി അകത്തേക്ക് കയറ്റണം. ".ഏതോ ഒരു അലവലാതിയുടെ ഗംഭീര ബുദ്ധി പറഞ്ഞു .അങ്ങനെ ഞങ്ങള്‍ തന്നെ ഞങ്ങള്‍ക്ക് വേണ്ട ശവക്കുഴി ഒക്കെ ശെരി ആക്കി വച്ചു . ഇനി അതില്‍ പോയി തലവച്ചു കൊടുക്കുകയേ വേണ്ടൂ.

"ശെരി ..നിങ്ങള്‍ വന്നോളൂ ..നിങ്ങള്‍ക്ക് പറയാനുള്ളത് പറയാം ."..ഉള്ളിലൊരു ചിരിയും ചിരിച്ചു കൊണ്ട് ഒരു സാര്‍ വന്നു പറഞ്ഞു.
"ഹെന്റമ്മേ ..ആര് പോകും അകത്തു ? എല്ലാവരുടെയും രക്ഷിതാക്കള്‍ അകത്തു ഉണ്ട് ".അങ്ങനെ അദ്ധ്യാപക സുഹൃത്തുക്കള്‍ തന്നെ ഞങ്ങള്‍ ഒരു മൂന്നു പേരുടെ പേരങ്ങ് പറയുകയും എല്ലാവരും അത് ഏകസ്വരത്തില്‍ ഓക്കെ പറഞ്ഞതും ഒരുമിച്ചായിരുന്നു..അത് കൊണ്ട് തന്നെ ചിന്തിക്കാനൊന്നും സമയം കിട്ടീല . അങ്ങനെ വലതു കാല്‍ എടുത്തു വച്ചു അകത്തോട്ടു കടന്നു . ആഹ...വളരെ മനോഹരമായിരിക്കുന്നു ..എല്ലാവരുടെയും രക്ഷിതാക്കള്‍ അകത്തുണ്ട്..എന്റെ അമ്മയും!! അമ്മയാണെങ്കില്‍ ഇവനെന്തിന് അകത്തു വരുന്നു എന്ന ഒരു ഭാവത്തിലും .

അങ്ങനെ അകത്തെത്തിയ ഞാനും മറ്റുള്ളവരും ഒരു രണ്ടു മിനിറ്റ് മിണ്ടാതിരിക്കുകയും , പിന്നെ ആ കൂട്ടത്തില്‍ തലക്കകത്ത് മണ്ണോ അതിലും വില കുറഞ്ഞ വസ്തുവോ മറ്റോ ഉള്ള ഞാന്‍ ഒരു സി ഐ ഡി മൂസ സെറ്റ് അപ്പില് അങ്ങോട്ട് പ്രസംഗം തുടങ്ങിയതും എന്റെ തലയ്ക്കു മുകളില്‍ കണ്ടക ശനി എന്ന വിദ്വാന്‍ കടന്നു കൂടിയതിന്റെ ആഫ്ടര്‍ എഫ്ഫക്റ്റ് ആണ് എന്ന് ഞാന്‍ അന്നും ഇന്നും ഉറച്ചു വിശ്വസിക്കുന്നു .

ഞാനിങ്ങനെ പ്രസംഗം തുടങ്ങി ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു കാണും . ഞാന്‍ മെല്ലെ അമ്മയുടെ മുഖത്തേയ്ക്ക് പാളി നോക്കി. മുഖം നേരത്തെ കണ്ട ഒരു കളറില്‍ അല്ല ഉള്ളത്.അതിങ്ങനെ ചുവന്നിട്ടുണ്ട്.ഓരോ നിമിഷം കഴിയുന്തോറും മുഖമിങ്ങനെ നന്നായി ചുവന്നു വരുന്നുണ്ട്. ദൈവമേ....ഇനി എന്ത് ചെയ്യും എന്ന് ഞാന്‍ ഇങ്ങനെ പകുതി ആലോചനയും പകുതി പ്രസംഗവുമായി നില്ക്കുമ്പോഴാണ്,വേണ്ട ബാക്കി ഇനി എന്നെക്കൊണ്ട് പറയിപ്പിക്കണോ എന്ന ഒരു സെറ്റ് അപ്പില്‍ അമ്മ എഴുന്നേറ്റത്.

ദൈവമേ.. കമ്പ്ലീറ്റ് കൈവിട്ടു . അമ്മ അതാ പുറത്തേക്കു പോകുന്നു ...വേറെ രക്ഷയില്ല .ഞാനും അമ്മയുടെ പുറകെ. !!!.

പുറത്തു ചുമ്മാ എത്തിയതെ ഉള്ളൂ . ഞങ്ങളുടെ വൈസ് പ്രിന്‍സിപ്പല്‍ അതാ ഡോറിനരികില്‍ അങ്ങനെ നില്ക്കുന്നു. ദേ വീണ്ടും കുരിശ്...

"എടൊ നീ അല്ലെ , ആ ജനല്‍ പൊട്ടിച്ചത് ?"..ആഹ ...എല്ലാം ശുഭം . പുള്ളിക്കാരന്‍ അങ്ങനെ എരിതീയില്‍ വീണ്ടും മണ്ണെണ്ണയും പെട്രോളും മിക്സ് ചെയ്തോഴിച്ചു . അമ്മ ഒന്നും മിണ്ടാതെ പുറത്തേക്കു നടന്നു . ഞാന്‍ അമ്മയുടെ പുറകെയും.

"ഞാന്‍ ഇപ്പൊ തിരിച്ചു പോകുന്നു. നീ എന്താ വേണ്ടതെന്ന് വച്ചാല് ചെയ്തോ!! എനിക്കറിയേണ്ട. "

അമ്മ കമ്പ്ലീറ്റ് ദേഷ്യത്തിലാണ് .. എന്ത് ചെയ്യും .??.. എന്ത് ചെയ്യാന്‍ !!! ഞാന്‍ എനിക്കറിയാവുന്ന കുറെ തമാശകള്‍ (ശ്രീനിവാസന്‍ സ്റ്റൈല്‍-പ്രസ്സില്‍ ഇരിക്കുമ്പോള്‍ തോന്നിയത് ) പ്രയോഗിച്ചു നോക്കി ..നോ രക്ഷ ... അമ്മ നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു .അപ്പോഴേക്കും കൂടെയുള്ള പലരും അവിടെയെത്തി. അങ്ങനെ വളരെ നേരത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്ക് ശേഷം കാര്യങ്ങളൊക്കെ ഒരു വിധം കൂള്‍ ആയിത്തുടങ്ങി . പിന്നെ പിന്നെ എന്റെ ശ്രീനിവാസന്‍ തമാശകള്‍ ഏല്ക്കാന്‍ തുടങ്ങുകയും അമ്മയെക്കൊണ്ട് നാളെ പൂവാം എന്ന ഒരു തീരുമാനത്തില്‍ എത്തിക്കുകയും ചെയ്തു

(കുറിപ്പ്: ആ നാളെ അമ്മയെക്കൊണ്ട് ലീവ് എടുപ്പിച്ചു ഒരാഴ്ച്ചയാക്കി ,എന്നിട്ട് ആ ആഴ്ച മൂന്നാര്‍ മുഴുവന്‍ കറങ്ങി തീര്‍ക്കുകേം ചെയ്തു ...)

Tuesday, March 3, 2009

ഒരു മൂന്നാര്‍ സമരഗാഥ-2

സമരം അങ്ങനെ പൊടിപൂരമായി നടക്കുകയാണ് . പക്ഷെ പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ ഒന്നും നടന്നുമില്ല . ദിവസവും രാവിലെ വരും .സമരം വിളിക്കും . തിരിച്ചു പോകും അത്ര തന്നെ. സാറന്മാര്ക്കും പ്രിസിപലിനുമൊക്കെ ഒരു കമ്പ്ലീറ്റ് നിസംഗത. ഞങ്ങളിതെത്ര കണ്ടിരിക്കുന്നു എന്ന ഒരു മട്ടും ഭാവവും .ഇതിങ്ങനെ പോയാല്‍ എല്ലാവര്ക്കും മടുക്കും .എന്തെങ്കിലും പുതിയ വഴികള്‍ ആലോചിക്കുക തന്നെ .

അങ്ങനെ ആണ് ഞങ്ങള്‍ ഒരു കുഞ്ഞു പ്രകടനത്തിന് പ്ലാന്‍ ചെയ്യുന്നത് . കുന്നിന്റെ മുകളിലെ കോളേജില്‍ നിന്ന് ടൌണിലേക്ക് ഒരു യാത്ര.. ആ പരിപാടി വിജയം കണ്ടു. കോട്ടും ടൈയുമിട്ട് കുറെയെണ്ണം റോഡില്‍ കൂടി ജാഥയായി നടക്കുന്നു ..കണ്ടവര്‍ കണ്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു.
ഈ പരിപാടി വിജയിച്ചതോടെ ഒരു കാര്യം മനസ്സിലായി . ഈ ചുമ്മാ ഇരുന്നു വെറുതെ സമരം വിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. വല്ല തറ വേലകളും കാണിക്കണം ..(വെറുതെയല്ല ... സമരം ചെയ്യുമ്പോള്‍ പിള്ളേര്‍ വല്ലതുമൊക്കെ എറിഞ്ഞുടയ്ക്കുന്നത് ...).

പിന്നെ പിന്നെ കാര്യങ്ങള്‍ അങ്ങനെ ചൂടാവാന്‍ തുടങ്ങി.. അങ്ങനെ ഘരാവോ ,ഗ്ലാസ് എറിഞ്ഞുടയ്ക്കല്‍(അന്ന് ഓരോ ദിവസവും ഓരോ ജനല്‍ ചില്ലുകള്‍ എന്ന കണക്കില്‍ പൊട്ടിയിരുന്നു . പക്ഷെ സത്യമായും അതാരാണ് ചെയ്തു പോന്നതെന്ന് ഇപ്പോഴും നോ ഐഡിയ ..). . തുടങ്ങിയ കലാപരിപാടികളിലൂടെ സമരരംഗം അങ്ങനെ കൊഴുത്തു വന്നു. പക്ഷെ പെട്ടെന്നാണ് കാര്യങ്ങളൊക്കെ ഒരു വഴിക്കാകാന്‍ തുടങ്ങിയത് . ഒരു സുപ്രഭാതത്തില്‍ കൂടെയുള്ള ഒരുത്തന്റെ വീട്ടില്‍ നിന്നും ഒരു കോള്‍." എന്താടാ നീയൊക്കെ അവിടെ കാട്ടി കൂട്ടുന്നത് ?.സമരം ചെയ്യാനാണോ നിന്നെയൊക്കെ കോളേജില് വിട്ടു പഠിപ്പിക്കുന്നത് ? . ഞങ്ങള്‍ മറ്റന്നാള്‍ കോളേജില്‍ വരുന്നുണ്ട്. പി ടി എ മീറ്റിഗ് !!!!. " ഹെന്റമ്മോ ..ഇങ്ങനെ ഒരു പുലിവാല്‍ ഉണ്ടാകുമെന്ന് ആരും കരുതിയില്ല .

ഓഹോ.. അപ്പോള്‍ ഇതെല്ലാ വീട്ടിലും കിട്ടിയിട്ടുണ്ടാവും ... അങ്ങനെ ഞാനും ആ കോള്‍ പ്രതീക്ഷിച്ചു അങ്ങനെ ഇരിക്കാന്‍ തുടങ്ങി . പ്രതീക്ഷിച്ച പോലെ തന്നെ കാര്യങ്ങള്‍ നീങ്ങി ..വൈകുന്നേരം വിളി വന്നു .

"എന്താടാ അവിടെ സമരം ഒക്കെ ഉണ്ടെന്നു കേള്‍ക്കുന്നു .. നീ ഒന്നും പറഞ്ഞില്ലല്ലോ ...ശെരി ..ഞാന്‍ മറ്റന്നാള്‍ അവിടെ എത്തിയേക്കാം "

ഞാന്‍: "ഹേ എന്ത് സമരം..അതൊരു ചെറിയ പ്രശ്നമല്ലേ.. എല്ലാവരും വരണമെന്നോന്നുമില്ല ..അതവര്‍ വെറുതെ നോട്ടീസ് അയച്ചതായിരിക്കും . വെറുതെ എന്തിനാ കണ്ണൂരില്‍ നിന്നും ഇത്രേം ദൂരം വരുന്നത് ?.പോരാത്തതിന് ഇവിടെ നല്ല തണുപ്പും. വേണ്ട ഇപ്പൊ വരണ്ട. "..
"ഓഹോ ..ശെരി .."
ഫൊണ്‍ വച്ചു .... ദൈവമേ...എന്റെ വീട്ടീന്ന് ആരും വരുന്നില്ല ...ഹയ്യട ..ഹയ്യാ .. വളരെ മനസമാധാനത്തോടെ അങ്ങനെ ഇരിക്കുമ്പോഴാണ് രാത്രി മറ്റൊരു കോള്‍ . അമ്മയാണ് ...
കോള്‍ എടുത്തു ..

നേരത്തെ കേട്ട ഒരു ശബ്ദമോന്നുമല്ല അപ്പോള്‍ ..
"ഹലോ (ലോ പിച്ച് )" "ഹലോ (ഹൈ ഹൈ പിച്ച് )... ഞാന്‍ മറ്റന്നാള്‍ രാവിലെ അവിടെ എത്തും " ..
ഫൊണ്‍ കട്ട് !!! ...ദൈവമേ ഈ ഒരു മണിക്കൂറില്‍ എന്ത് സംഭവിച്ചു.. ഞാന്‍ കുറച്ചു കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു വിളിച്ചു .. അങ്ങനെ വളരെ സാവകാശം കാര്യങ്ങളൊക്കെ ചോദിച്ചപ്പോഴാണ് ആ ഒരു മണിക്കൂറില്‍ സംഭവിച്ച കാര്യങ്ങള്‍ അങ്ങോട്ട് മനസ്സിലായത്. അതൊരു ഫോണ്‍ കോള്‍ ആയിരുന്നു ..അതിന്റെ ഒരു ചുരുക്ക രൂപം !!!

"ഹല്ലോ "
"ഹല്ലോ "
"ആരാണ് സംസാരിക്കുന്നത് "
"------സാറല്ലേ ?ഞാന്‍ ഒരു നോട്ടീസ് കിട്ടിയിട്ട് വിളിച്ചതാണ് ".
"ശെരി .."
"അല്ല ..അവിടെ സമരമൊക്കെ നടക്കുന്നെന്ന് കേള്‍ക്കുന്നു "
"അതെ..ചെറിയൊരു പ്രശ്നം..നിങ്ങളുടെ നാടെവിടെയാണ് ?"
"ഞാന്‍ കണ്ണൂരില്‍ നിന്നാണ് ..ഞാന്‍ ഇത്രേം ദൂരം വരേണ്ട ആവശ്യം ഉണ്ടോ?"
"ഹേയ്..ഇല്ലില്ല ...ചെറിയ ഒരു പ്രശ്നമല്ലേ ഉള്ളൂ.. .ബുദ്ധിമുട്ടാണെങ്കില്‍ വരണമെന്നില്ല..ഞങ്ങള്‍ എല്ലാവര്ക്കും നോട്ടീസ് അയച്ചുവെന്നെ ഉള്ളൂ...ആട്ടെ നിങ്ങള്‍ ആരുടെ രക്ഷിതാവാണ് ?"
"ഞാന്‍ ..... ന്റെ രക്ഷിതാവാണ് "
(അപ്പുറത്ത് നിന്ന് ഒരു മിനിറ്റ് നിശബ്ദദ)
"അല്ല ...അല്ലല്ല ...ശെരിക്കും നിങ്ങള്‍ വരണം...വന്നെ പറ്റൂ.. "
"അല്ല..നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത് ബുദ്ധിമുട്ടാണെങ്കില്‍ വരണ്ട എന്ന് "
"അയ്യോ..ഞാനോ ..ഞാന്‍ അങ്ങനെ പറഞ്ഞോ...പറഞ്ഞപ്പോ തെറ്റിപ്പോയതായിരിക്കും..വരണം വന്നെ പറ്റൂ..ഇവിടെ ആകെ പ്രശ്നങ്ങളാണ്...പി ടി എ മീറ്റിംഗില് എല്ലാവരും പങ്കെടുക്കണം ..പങ്കെടുത്തെ പറ്റൂ ... ".

അങ്ങനെ ആ പുള്ളിക്കാരന്‍ എങ്ങനെ കണ്ണൂരില്‍ നിന്നും കോളേജിലേക്ക് വരാം എന്നതിനെപ്പറ്റി ഒരു ക്ലാസ്സുമെടുത്തിട്ടെ ഫോണ്‍ വച്ചുള്ളൂ ..ഏതു ബസില്‍ കയറണം.. എവിടെ ഇറങ്ങണം..ബസിന്റെ നമ്പര്‍ എല്ലാം പുള്ളിക്കാരന്‍ ആ സ്റ്റഡി ക്ലാസ്സില് കവര്‍ ചെയ്തു ..
പിന്നെ എന്റെ അമ്മയുടെ സൌണ്ടിന്റെ പിച്ച് ഇത്രേം കൂടിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ ...

അങ്ങനെ ആ സുദിനം വന്നെത്തി . പി ടി എ മീറ്റിങ്ങ് !!