Friday, April 10, 2009

എങ്ങനെ തല്ലു വാങ്ങാം !!

ഡാ ...എഴുന്നേറ്റെ ,സമയം എത്രയായെന്നാ വിചാരം . രാവിലെ നേരം ഇങ്ങനെ പുലര്‍ന്നു വരുന്നതേയുള്ളൂ (എനിക്ക് !!).ശെരിക്കും ഒരു എട്ടു മണി ആയിക്കാണണം . അപ്പോഴാണ് അമ്മ വിളിക്കുന്നത് .ഞാനാണെങ്കില്‍ എന്‍റെ കിരീടമൊക്കെ വച്ച് ആനപ്പുറത്ത് അങ്ങ് കയറിയതെ ഉള്ളൂ .ഇനിയിപ്പോ ഒന്ന് കറങ്ങാതെ എങ്ങനെയാ ഇറങ്ങുക !!.എന്‍റെ ഒരു പ്രധാന വീക്നെസ് ആണിത് .രാവിലെ എഴുന്നേല്‍ക്കുന്നതിനു മുന്‍പേ ഒന്ന് ആനപ്പുറതോ ബെന്‍സിലോ റോള്‍സ് റോയ്സിലോ എങ്ങാനും ഒന്ന് കയറുക .കറങ്ങിയടിക്കുക!!. ഇത്രേം സുഖ സുന്ദരമായ സ്വപ്നവും കണ്ടോണ്ടിരിക്കുംപോഴാണ് അമ്മ വിളിക്കുന്നത് . ആര്‍ക്കെങ്കിലും സഹിക്കുമോ? ഈ ഒരു കാര്യത്തില്‍ മാത്രമാണ് അമ്മയോട് എനിക്ക് വിയോജിപ്പുള്ളതു .
"അമ്മേ...ഇത്തിരി കഴിഞ്ഞിട്ടെഴുന്നെല്‍ക്കാം ..ഞായറാഴ്ച അല്ലെ!!!! "
"നിന്നോടാ പറഞ്ഞത് എഴുന്നേല്ക്കാന്‍ !രാവിലെ തന്നെ അടി വാങ്ങിക്കേണ്ട ".ശബ്ദത്തിനിതിരി കടുപ്പമില്ലേ എന്നൊരു സംശയം .

വേണ്ട വേണ്ട .റിസ്ക് എടുക്കണ്ട !. നല്ലൊരു ഞായറാഴ്ച ആയിട്ട് വെറുതെ എന്തിനു തല്ലു വാങ്ങണം .

"എടാ .ശാരദയുടെ വീട്ടില്‍ ഓഫീസിലെ ഒരു ബുക്കിരിപ്പുണ്ട് .അത് പെട്ടെന്ന് കൊണ്ട് വരണം.വൈകുന്നെരത്തേക്ക് എനിക്ക് കുറച്ചു ജോലി തീര്‍ക്കാനുണ്ട് .പെട്ടെന്ന് വേണം . "
ആയോ ..പുലിവാലായി !!.രാവിലെ തന്നെ ടി വിയും കണ്ടു ചുമ്മാ ഇരിക്കാമെന്ന് വച്ചതാ ,ദാ കെടക്കുന്നു ..രാവിലെ തന്നെ പണി.
അങ്ങനെ ഒരു കാലിച്ചായയും കുടിച്ചു അങ്ങിറങ്ങി. ഒരു പത്തു മിനിറ്റ് നടക്കാനുണ്ട് .
ചുമ്മാ കാലെടുത്തു ഒരു പത്തു സ്റ്റെപ്പ് വച്ചതേയുള്ളൂ ..ദാ വരുന്നു ഒരു സൈകിളും ചവിട്ടിക്കൊണ്ട് ഹരി . ഹും .കാണാന്‍ ലുട്ടാപ്പി കുന്തത്തിനു മുകളില്‍ ഇരുന്നത് പോലെയുണ്ട് .എന്നാലും ലവന്റെ ഒരു ഗമ.

"എടാ .ഇന്ന് യുവധാരയുമായി ഒരു ക്രിക്കറ്റ് മാച്ചുണ്ട്. ഇന്നലെ പറയാന്‍ വന്നതാ ..നിന്നെ കണ്ടില്ല. വാ പെട്ടെന്ന് പോകാം . അവിടെ കളി തുടങ്ങാറായി "(യുവധാര ഒരു കുഞ്ഞു ക്ലബ് ആണ് .ക്ലബ് എന്ന് പറഞ്ഞാല്‍ ,അതിന്റെ പ്രവര്‍ത്തന മൂലധനം നാല് ഓലയും ,എവിടുന്നോ അടിച്ചു മാറ്റിയ മരത്തിന്റെ നാല് തൂണുകളും മാത്രമാണ് ..പക്ഷെ ഞങ്ങള്‍ക്ക് സ്വന്തമായി നാലാള് കേള്‍ക്കെ പറയാന്‍ പറ്റുന്ന ഒരു പേരോ ,നാല് തൂണുകാലോ ഇല്ലാത്തത് കൊണ്ട് ഞങ്ങള്‍ അവിടെയും സോമന്മാരായിരുന്നു )

ഞാനാണെങ്കില്‍ ക്രിക്കറ്റ് എന്ന് കേട്ട് കഴിഞ്ഞാല്‍ പിന്നെ ഒരു മാതിരി പൂച്ച ഒണക്കമീന്‍ കണ്ട പോലെ ആയിരുന്നു . മുടിഞ്ഞ ആക്രാന്തം .ലവനാണെങ്കില്‍ എന്റെ ഈ വീക്നെസ് നന്നായി അറിയാവുന്നത് കൊണ്ട് സൈകിളില്‍ വച്ചിരുന്ന ബാറ്റെടുത്ത് ചുമ്മാ ഓരോ ആക്ഷന്‍ കാണിചോണ്ടിരിക്കുകയാണ്.എന്നാലും ഞാന്‍ ഒരു ഭംഗിക്ക് പറഞ്ഞു.
"എടാ ഞാന്‍ വരുന്നില്ല .എനിക്ക് വേറെ ജോലിയുണ്ട്."

ഈ ഡൈലോഗ് ഞാന്‍ ചുമ്മാ പറഞ്ഞതാണെന്ന് എനിക്കും അവനും നന്നായി അറിയാവുന്നത് കൊണ്ട് അവന്‍ ഒന്നും പറഞ്ഞില്ല. ചുമ്മാ ചിരിക്കുക മാത്രം ചെയ്തു .

"ചുമ്മാ .തമാശ പറഞ്ഞോണ്ടിരിക്കാതെ . സൈകിളീ കയറ്. ".
ഒന്നുമില്ലേലും അവന്‍ ഇത്രേം ദൂരം സൈകിളും ചവിട്ടി വന്നതല്ലേ വരില്ലാന്ന് അങ്ങനെ അറുത്തു മുറിച്ചു പറയാന്‍ പറ്റുമോ? മോശമല്ലേ !!!
അങ്ങനെ ഞാന്‍ സൈകിളീ കയറി ഗ്രൌണ്ടിലെത്തി .
ഒരു ചെറിയ ഗ്രൌണ്ട് ആണ് .ചുമ്മാ കളിക്കാനൊന്നും പറ്റില്ല . ഒരു പാട് കിടു റൂള്‍സ് ആന്‍ഡ്‌ രേഗുലഷന്‍സ് ഉണ്ട്. ഗ്രൌണ്ടിന്റെ സൈഡില്‍ ഉള്ള രാമേട്ടന്റെ വീട്ടിന്റെ മതിലില്‍ ബോള്‍ ഉരുണ്ടു തട്ടിയാല്‍ ഫോര്‍. അല്ല അത് പറന്നു പോയാല്‍ ഔട്ട്.എന്നാല്‍ നേരെ എതിര്‍ ഭാഗത്തുള്ള രാജേഷിന്റെ വീട്ടില്‍ പറന്നു പോയാല്‍ സിക്സ് ആകും. പക്ഷെ ആ പറക്കുന്ന ബോള്‍ വല്ല ജനല്‍ ചില്ലിനും കൊണ്ടാല്‍ ഔട്ട് .(കാരണം വേറൊന്നുമല്ല. രാമേട്ടന്റെയും രാജേഷിന്റെ അച്ഛന്റെയും തെറികള്‍ തമ്മിലുള്ള വ്യത്യാസം തന്നെ ).പിന്നെയുമുണ്ട് . ഗ്രൌണ്ടിന്റെ സൈഡില്‍ ഒരു പശുവുണ്ടെന്നു കരുതുക. ആ പശു ഘുമു ഘുമാ കുറെ ചാണകവും ഇട്ടിട്ടുണ്ട്. അതിലേക്കു ബോള്‍ പോയാല്‍ അതെടുത്ത് കഴുകാനുള്ള ബാധ്യത ബാറ്റ്സ്മാന് മാത്രം.അഥവാ ചാണകത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ ആ ബോള്‍ ഏതെങ്കിലും ഒരുത്തന്റെ കൈയില്‍ തട്ടിയാല്‍ ആ ബാധ്യത മേല്‍പ്പറഞ്ഞ കക്ഷിയില്‍ നിക്ഷിപ്തമാകും(അവിടെ കൂടുതല്‍ സ്കോപ് ഒരു തല്ലിനാണ്!!) .

അങ്ങനെ ഞങ്ങള്‍ ക്രിക്കറ്റ് തുടങ്ങി. പൊരിഞ്ഞ മത്സരം .ആ കളി നടന്നു കൊണ്ടിരിക്കേ തന്നെ എനിക്കൊരു വിചാരമുണ്ടായി . ഇന്നൊരു കിടിലന്‍ ദിവസം തന്നെ . ചുമ്മാ ഞാന്‍ എറിയണ ബോളിലോക്കെ ലവന്മാര് ഔട്ട് ആകുന്നു . ഞാന്‍ അടിക്കണ ബോള്‍ ഒക്കെ ചുമ്മാ സിക്സ് ആവുന്നു. ഹോ.ഒന്നും പറയണ്ട. സത്യം പറയട്ടെ. അന്നാണ് ഞാന്‍ ജീവിതത്തില്‍ ആദ്യമായും അവസാനമായും ക്രിക്കറ്റില്‍ സിക്സ് അടിച്ചത്.(ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവന്‍ ബോള്‍ ചെയ്താലെന്താ ..സിക്സ്, സിക്സ് അല്ലാതാവുമോ? ).
അങ്ങനെ എന്റെ മാസ്മരികമായ പ്രകടനത്തിന്റെ പുറത്തു ഞങ്ങള്‍ 3-0 ത്തിനു പരമ്പര സ്വന്തമാക്കി. ഞാന്‍ തന്നെ മാന്‍ ഓഫ് ദ മാച്ചും(ഞാന്‍ തന്നെയാണ് പ്രഖ്യാപിച്ചത് !!).
അങ്ങനെ കളിയൊക്കെ കഴിഞ്ഞു ഞാന്‍ ചുമ്മാ ഇരിക്കുമ്പോഴാണ് ബള്‍ബ് കത്തിയത് .ദൈവമേ ഞാന്‍ രാവിലെ തന്നെ ക്രിക്കറ്റ് കളിക്കാനല്ലല്ലോ ഇറങ്ങിയത് .
ഓടി ..മാരകമായി ഓടി ...അഞ്ചു മിനിട്ടു കൊണ്ട് ശാരദേച്ചിയുടെ വീട്ടിലെത്തി .
"എടാ .നീ രാവിലെ തന്നെ വീട്ടീന്ന് ഇറങ്ങിയെന്നു പറഞ്ഞല്ലോ നിന്റെ അമ്മ. നാല് മണിക്കൂര്‍ വേണോ അവിടുന്ന് ഇവിടെയെത്താന്‍ ."

അപ്പൊ അത് ശെരി. അമ്മ ബി എസ് എന്‍ എല്‍ കാര്‍ക്ക് കാശ് കൊടുത്തിട്ടുണ്ട് .എന്നാ ശെരി .പെട്ടെന്ന് ബുക്കും വാങ്ങി വീട്ടില്‍ പോവുക തന്നെ . അങ്ങനെ ആ തടിയന്‍ ബുക്കും തലയിലേറ്റി ഞാന്‍ വന്ന വഴി തിരിച്ചോടി .ഗ്രൌണ്ടിനടുത്ത് എത്തിയപ്പോള്‍ അതാ നില്ക്കുന്നു ടീം മേറ്റ്സ്.

അതില്‍ ഒരുവന്‍.

"എടാ നീ എവിടെ പോയതാ ? ഇന്ന് ഇന്ത്യ -ശ്രീ-ലങ്ക പരമ്പര ആരഭിക്കുന്ന ദിവസമാണ് .കളി കാണേണ്ടേ? "
"ഞാന്‍ വീട്ടിപ്പോയി കണ്ടോളാം ".
അടുത്ത വാചകവും ഞാന്‍ തന്നെ ആണ് പറഞ്ഞത്.
"അല്ലേല്‍ ആദ്യം ഒന്ന് സ്കോര്‍ നോക്കിയിട്ട് പോകാം ". (എന്റെ നാവേ !!!)
അങ്ങനെ സ്കോര്‍ നോക്കാനായി സൂരജിന്റെ വീട്ടില്‍ കയറിയ ഞാന്‍ ഇറങ്ങിയത് കളിയും തീര്‍ന്നു സമ്മാനം കൊടുക്കണ സീനും കഴിഞ്ഞപ്പോള്‍. അതിനിടയില്‍ ഉച്ചഭക്ഷണവും അവന്റെ വീട്ടില്‍ നിന്ന് കഴിക്കാന്‍ ഞാന്‍ മറന്നില്ല . മറന്നത് ഒന്ന് മാത്രം .ആ പുസ്തകം.
അപ്പോഴേക്കും കാര്യങ്ങളൊക്കെ ചക്ക കുഴയുന്ന പോലെ കുഴഞ്ഞിരുന്നു . ഞാന്‍ വീട്ടില്‍ എത്തുമ്പോഴേക്കും അമ്മ രണ്ടു ചൂരല്‍ ,ഒരു പേര, പിന്നെ പേരറിയാത്ത ഒരു വടി എന്നിവ തയ്യാറാക്കി വച്ചിരുന്നു . (രാവിലെ മുറ്റത്തു കണ്ടപ്പോള്‍ മനസ്സിലായതാണ് )
ഞാന്‍ നേരെ അങ്ങ് വീട്ടിലേക്കു കയറിച്ചെന്നു .

"അമ്മെ .ഞാന്‍ മാന്‍ ഓഫ് ദ മാച്ച് ആയി ...രണ്ടു സിക്സും അടിച്ചു. ".പുസ്തകം കാട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞതിതാണ് .

ആ സെക്കന്‍ഡില്‍ തന്നെ ഞാന്‍ അടിച്ച പോലത്തെ ഒരു സിക്സര്‍ അമ്മ കൂട്ടത്തില്‍ ഏറ്റവും നല്ല ചൂരല്‍ കൊണ്ട് എന്റെ കാലില്‍ തരികയും ഞാന്‍ കുറച്ചു സമയത്തേക്ക് ഒരു ബെന്‍ ജോണ്‍സന്‍ ആവുകയും ചെയ്തത് ഒരുമിച്ചായിരുന്നു. എന്ന് വച്ചാല്‍ ഓടി ..അതി മാരകമായി തന്നെ ഓടി . അമ്മയും പുറകിലോടി. പക്ഷെ ഞാന്‍ സ്കൂളിലെ ഓട്ടത്തില്‍ ഫസ്റ്റ് വാങ്ങിചിട്ടുണ്ടെന്നു അറിയാവുന്ന അമ്മ അധിക ദൂരം പുറകെ ഓടിയില്ല . ഞാന്‍ പുറകെ നോക്കാത്തത് കൊണ്ട് അമ്മ അധികം ഓടിയില്ല എന്ന കാര്യം അറിഞ്ഞതുമില്ല..അത് കൊണ്ട് തന്നെ ഞാന്‍ അത്യാവശ്യം നല്ല ദൂരം തന്നെ ഓടി.
ഈ ഓട്ടമൊക്കെ കഴിഞ്ഞു കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഞാന്‍ ശ്രേധിച്ചത് .ചുറ്റും മുടിഞ്ഞ ഇരുട്ട് . ഇടയ്ക്കിടക്ക് ചീവീടും കുറുക്കനും കാലന്‍ കോഴിയുമൊക്കെ നടത്തുന്ന അസ്സല്‍ ഗാനമേളയും . പോരാത്തതിന് കുറച്ചു മുകളിലായി ശവപ്പറമ്പും . ഒരു ഏഴാം ക്ലാസ്സുകാരനുണ്ടാവേണ്ട മിനിമം ധൈര്യം പോലും ഇല്ലാത്ത എനിക്ക് ഈ ഹൊറര്‍ സെറ്റ് അപ് ഇത്തിരി ഓവര്‍ ആയിത്തന്നെ തോന്നി. വല്ല പ്രേതോം പിടിച്ചു തിന്നുന്നതിനേക്കാള്‍ നല്ലതല്ലേ നിന്ന് രണ്ടു തല്ലു വാങ്ങുന്നത് എന്നോര്‍ത്ത ഞാന്‍ വീണ്ടും വീട്ടിനടുതെക്ക് നടന്നു .

ഞാന്‍ വീട്ടിനടുത്തെത്തി.അത് കണ്ട അമ്മ പുറകെ ഓടി. ഞാന്‍ വീണ്ടും ഓടി . അങ്ങനെ ഞാന്‍ വീണ്ടും പഴയ സ്ഥലത്തെത്തി. ഇതേ സംഭവം ഒരു നാലഞ്ചു പ്രാവശ്യം കഴിഞ്ഞപ്പോഴേക്കും "നീ ഇങ്ങോട്ട് തന്നെയല്ലേ വരേണ്ടത് " എന്ന ബുദ്ധിയാല്‍ ആണെന്ന് തോന്നുന്നു അമ്മ ഒളിച്ചു പാത്തും കളി നിര്‍ത്തി വീട്ടില്‍ പോയി ഉറങ്ങി. ഞാന്‍ അങ്ങനെ എന്റെ ആറാമത്തെ ശ്രമത്തില്‍ വീട്ടില്‍ എത്തിച്ചേര്‍ന്നു .

അടുത്ത ദിവസം രാവിലെ

ഞാന്‍ വല്ലവന്റെയും ബെന്‍സില്‍ ചുമ്മാ കറങ്ങിയടിച്ചു കൊണ്ടിരിക്കുക ആയിരുന്നു. പെട്ടെന്ന് എന്റെ വണ്ടി കൊണ്ട് പോയി ഏതോ ഒരു മതിലിനടിച്ചു . കൈ ഒന്ന് നന്നായി വേദനിച്ചു.പെട്ടെന്ന് കാലിലും ഒരു വേദന. ആ കൊണ്ട അടി എന്നെ
എഴുന്നേല്പ്പിക്കാന്‍ ധാരാളമായിരുന്നു . പക്ഷെ എഴുന്നേല്‍ക്കുന്നതിനു മുന്‍പ്‌ തന്നെ കിട്ടി നല്ല എഴെട്ടെണ്ണം . ഇനിയിപ്പം ഓടേണ്ട ആവശ്യമില്ല . അങ്ങനെ രാവിലെ തന്നെ ചുമ്മാ നിന്ന് തല്ലു വാങ്ങി ബാക്കി സാറന്മാരുടെ അടുത്ത് നിന്ന് വാങ്ങിക്കാനായി കുളിച്ചു കുട്ടപ്പനായി ഞാന്‍ സ്കൂളിലേക്ക് പുറപ്പെടു .

17 comments:

സുദേവ് said...

സത്യം പറയട്ടെ. അന്നാണ് ഞാന്‍ ജീവിതത്തില്‍ ആദ്യമായും അവസാനമായും ക്രിക്കറ്റില്‍ സിക്സ് അടിച്ചത്.........................

Suмα | സുമ said...

Good Boy!!!

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

kollam.. anganeyenkilum orennam adichallo...

പകല്‍കിനാവന്‍ | daYdreaMer said...

:)

പാവപ്പെട്ടവൻ said...

മനോഹരം
അഭിനന്ദനങ്ങള്‍

ശ്രീ said...

സംഭവം കൊള്ളാം ട്ടോ.

തല്ലു വാങ്ങുന്നതൊന്നും കാര്യമാക്കേണ്ടെന്നേ... എന്റെ കയ്യിലിരിപ്പു കാരണം ഞാന്‍ കുട്ടിക്കാലത്ത് വാങ്ങിക്കൂട്ടിയ തല്ലുകള്‍ക്കൊന്നും കണക്കില്ല് :)

വാഴക്കോടന്‍ ‍// vazhakodan said...

അങ്ങനെ രാവിലെ തന്നെ ചുമ്മാ നിന്ന് തല്ലു വാങ്ങി ബാക്കി സാറന്മാരുടെ അടുത്ത് നിന്ന് വാങ്ങിക്കാനായി കുളിച്ചു കുട്ടപ്പനായി ഞാന്‍ സ്കൂളിലേക്ക് പുറപ്പെടു .

പഴയ തല്ലുകൊള്ളിത്തരങ്ങള്‍ ഓര്‍ത്ത്‌ പോയി മാഷേ!

BS Madai said...

"....ബാക്കി സാറന്മാരുടെ അടുത്ത് നിന്ന് വാങ്ങിക്കാനായി കുളിച്ചു കുട്ടപ്പനായി ഞാന്‍ സ്കൂളിലേക്ക് പുറപ്പെടു"
Good boy! keep it up...

മഞ്ഞുതുള്ളി said...

njaanente brotherine orthu poyi...nice

Vishnu said...

good.Congratulations

SarathKumar said...

കൊള്ളാം നന്നായിരികുന്നു .അപ്പോള്‍ നീ വെറുതെ അല്ല ഇന്ന് midhun റ്റെ പുറത്തു കയറി ഇരുന്നത് .എങന ഉണ്ടായിരുന്നു സവാരി .

Rani said...

ഒരു തല്ലു കൊള്ളിയായിരുന്നു അല്ലെ ...
നന്നായിട്ടുണ്ട് ..

MiDhUnlAl said...

annu ni girls school sports kanan poyathalle kalla!!! kadha matti alle

girishvarma balussery... said...

കൊള്ളാം.. നന്നായിരിക്കുന്നു... ആ സീന്‍ എല്ലാം ഞാന്‍ മനസ്സില്‍ കണ്ടു ചിരിച്ചു പോയി.. ക്ഷമിക്കണേ.... ചിരിച്ചതിനു.. ഈ വര്‍ണ്ണന കണ്ടു ചിരിക്കാതിരിക്കാന്‍ ആവോ...

പെണ്‍കൊടി said...

"ആ പശു ഘുമു ഘുമാ കുറെ ചാണകവും ഇട്ടിട്ടുണ്ട്. അതിലേക്കു ബോള്‍ പോയാല്‍ അതെടുത്ത് കഴുകാനുള്ള ബാധ്യത ബാറ്റ്സ്മാന് മാത്രം."

ഹീ ഹീ... നമ്മള്‍ കളിക്കുമ്പോഴും ഇങ്ങനെ തന്നെ... ആണ്ടിലൊരിക്കലേ ഏട്ടന്‍മാര്‍ നമ്മളെ കളിക്കാന്‍ കൂട്ടുള്ളു.. അപ്പൊ പിന്നെ വൃത്തിയും വെടുപ്പുമൊക്കെ മാറ്റി വെക്കും....

ഗൊള്ളാം..

-പെണ്‍കൊടി...

ശ്രീഇടമൺ said...

പഴയ ഓര്‍മ്മകളൊക്കെ തിരിച്ചു വന്നു...
ഏകദേശം സമാനമായ ധാരാളം അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്...ക്രിക്കറ്റ് തന്നാ എന്റേം വീക്ക്നെസ്സ് ആയിരുന്നത്...ഹ ഹ ഹ

നന്ദി.

ഇസാദ്‌ said...

മനോഹരം.