Wednesday, February 18, 2009

ഒരു മൂന്നാര്‍ ** സമരഗാഥ-1

ഒരു നട്ടുച്ച നേരം .ഉച്ച വരെ ക്ലാസ് റൂമില്‍ നല്ല ഒന്നാന്തരമായി ഉറങ്ങിയതിന്റെ ക്ഷീണത്തിലായിരുന്നു ഞങ്ങള്‍ .ഇനി ഉച്ചക്ക് ശേഷം ലാബ് ആണ് .അതും കമ്പ്യൂട്ടര്‍ ലാബ്.ലാബില്‍ കയറിയിട്ട് വലിയ കാര്യമൊന്നുമില്ല .അഞ്ചും നാലും എത്രയെന്നു ചോദിച്ചാല്‍ , ചെസ്സ് വേള്‍ഡ് കപ്പിന്റെ അവസാന റൌണ്ടില്‍ കാസ്പറോവ് വച്ച ചെക്ക് എങ്ങനെ മാറ്റുമേന്നാലോചിക്കുന്ന ആനന്ദിന്റെ ഒരു സ്റ്റൈലില്‍ ഇരുന്നു ആലോചിക്കേണ്ടി വരുന്ന എന്നോട് നല്ല ഒന്നാന്തരം കണക്കുകള്‍ പ്രോഗ്രാം ആയി ചെയ്യണമെന്നു പറഞ്ഞാലത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയെ !!

ഇങ്ങനെയുള്ള നട്ടുച്ചകളില്‍ അങ്ങനെ വേറെ പണിഒന്നുമില്ലാത്തതിനാല്‍ എല്ലാവരും കൂടിയിരുന്നു അന്നത്തെ ലോക കാര്യങ്ങളെപ്പറ്റി അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു .ലോകകാര്യങ്ങലെന്നു പറഞ്ഞാല്‍ കോളനി ഷാപ്പിലെ തലേന്നത്തെ പനങ്കള്ളും മീന്‍കറിയും നമ്മുടെ ആനച്ചാല്‍ ഷാപ്പില്‍ നിന്നും രണ്ടു ദിവസം മുന്‍പ്‌ കഴിച്ച പനങ്കള്ളും മീന്‍കറിയും തമ്മിലുള്ള താരതമ്മ്യ പഠനം , മാണിക്ക് രണ്ടു ദിവസം മുന്‍പ്‌ കിട്ടിയ തല്ലും ഇന്നലെ കിട്ടിയ തല്ലും തമ്മിലുള്ള താരതമ്മ്യ പഠനം എന്നിവ ആയിരുന്നു പ്രധാന ഇനങ്ങള്‍ .അങ്ങനെ വായില്‍ തോന്നുന്നതൊക്കെ ചുമ്മാ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ അങ്ങ് അടിമാലിയില്‍ നിന്നും വരുന്ന "സഖാവ് " പറഞ്ഞ ഒരു കാര്യം ഞങ്ങളെ ഇരുത്തി ചിന്തിപ്പിക്കാന്‍ ഇടയാക്കി .

"എടാ കോളേജ് എന്നൊക്കെ പറഞ്ഞാല്‍ ആഴ്ച്ചയിലോരിക്കലെങ്കിലും ഒരു സമരം വേണം .ഇതെന്തോന്ന് !!.."
അപ്പോഴാണ് ഞങ്ങളൊക്കെ ആ ഒരു പോസ്സിബിലിറ്റിയെപ്പറ്റി ആലോചിച്ചത് . ഇതെന്തു കൊണ്ടു ഞങ്ങള്‍ ഇതേവരെ ആലോചിച്ചില്ല .ഇങ്ങനെ ബോറടിച്ചിരിക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ? ? "ശെരിയാണ് ,പക്ഷെ കാരണമൊന്നുമില്ലാതെ ......."മുല്ലുവിന്റെ സംശയത്തിന് പുള്ളിക്കാരന്‍ അപ്പോള്‍ തന്നെ മറുപടി പറഞ്ഞു.

"എടാ ..അറിയില്ലേ ? ഫീസിന്റെയൊക്കെ പ്രശ്നത്തില്‍ എല്ലാ കോളേജിലും സമരം നടത്തുന്നുണ്ട്..ഇവിടെയേ ഇല്ലാതുള്ളൂ . പത്രങ്ങളൊന്നും വായിക്കാറില്ലേ ?".

"എന്നാ തുടങ്ങാം "..
എന്നത്തേയും പോലെ മാണി മുന്നിട്ടിറങ്ങി .

"എടാ അങ്ങനെയൊന്നും സമരം നടത്താന്‍ പറ്റില്ല ..നമുക്കു ആലോചിക്കണം..തിങ്കളാഴ്ച മുതല്‍ തുടങ്ങാം .."

."പറ്റൂല ....നോ വേ ..തുടങ്ങുന്നേല് ഇന്നു തുടങ്ങണം ..അല്ലേല്‍ വേണ്ട "..
അതൊരു കൂട്ടായ തീരുമാനമായിരുന്നു . അങ്ങനെ അന്നത്തെ ലാബിനും ഞങ്ങള്‍ മരണമണി അടിച്ചു .

ഒരഞ്ചു മിനിട്ട് ടൈം കൊണ്ടു ഞങ്ങള്‍ ഒരു പത്തിരുപതു പേരേം കൂട്ടി സമരം വിളിക്കാന്‍ തുടങ്ങി .കേള്‍ക്കേണ്ട താമസം ഞങ്ങളുടെ ബാച്ചിലെ മറ്റുള്ളവര്‍ അതാ ഇറങ്ങി വരുന്നു . പത്തു മിനിട്ടു കൊണ്ടു ഞങ്ങളുടെ ബാച്ചിലെ മൂന്നു ക്ലാസ്സുകളിലെയും എല്ലാവരും പുറത്തിറങ്ങി. അത് ഞങ്ങളെ ഒന്നങ്ങോട്ടു പരിഭ്രമിപ്പിച്ചു . കുറച്ചു ബഹളങ്ങളൊക്കെ ഉണ്ടാക്കി അന്നത്തെ ലാബ്‌ കളയുക എന്ന ഒരു ഉദ്ദേശം മാത്രമെ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ . ഹൊ. എന്തായാലും വച്ച കാല്‍ പിന്നോട്ടില്ല .പിന്നേം വിളി തുടങ്ങി . നേരെ ജൂനിയര്‍ ക്ലാസ്സുകളിലോട്ടു വിട്ടു . ഹ ഹ . അപ്പോഴേക്കും സാറന്മാര്‍ താഴെ ഓഫീസിനടുത്ത് നിന്നൊക്കെ ഇതെന്തു കഥ എന്ന് ആലോചിച്ചു നോക്കാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നു. (കാരണം ..ഈ സമരം ഞങ്ങളുടെ കോളേജില്‍ ഒരു സ്ഥിരം പരിപാടിയെ അല്ലായിരുന്നു ..ബാക്കി എല്ലാ വിനോദോപാധികളും ഉണ്ടായിരുന്നെങ്കിലും......)

ജൂനിയര്‍ ക്ലാസ്സിലോന്നില്‍ എത്തിയപ്പോള്‍ അതാ നില്ക്കുന്നു വൈസ് പ്രിന്‍സിപ്പല്‍ . "എന്താണിത് ,വാട്ട് ഇസ് ദിസ് ?ഇതൊന്നും ഇവിടെ നടപ്പില്ല .".പുള്ളിക്കാരന്റെ ശബ്ദം ഉയര്‍ന്നു. അത് കേട്ടതോടെ ഞങ്ങളുടെ ശബ്ദം ദാ,പിന്നെയും ഉച്ചത്തിലായി .

"മക്കളെ, സാറന്മാര് കോളേജിലെ ഉണ്ടാവൂ ,പുറത്തിറങ്ങിയാല്‍ ഞങ്ങളെ കണ്ടെച്ചും പോകേണ്ടി വരും ",

എന്ന ഒരറ്റ ഡയലോഗില് പിള്ളേരൊക്കെ ഒന്നിളകി .ഒരു ചെകുത്താന്‍ പറയുന്നതു കേള്‍ക്കണോ അതോ കുറെ ചെകുത്താന്മാര്‍ പറയുന്നതു കേള്‍ക്കണോ എന്ന് ആലോചിച്ചു പിള്ളേര്‍ ഒരു രണ്ടു മിനിട്ട് ചുമ്മാ നില്ക്കുകയും, പിന്നെ ബുദ്ധിയുള്ളവര്‍ ഓരോരുത്തരായി മെല്ലെ ക്ലാസ്സില്‍ നിന്നു ഇറങ്ങി നടക്കുകയും ചെയ്തു .ഹൊ...അങ്ങനെ അവരും രക്ഷപ്പെട്ടു.ചിലരൊക്കെ വന്നു പറയുകേം ചെയ്തു."താങ്ക്സ്"..

ഇനിയാണ് പ്രശ്നം .അടുത്തത് സിനിയര്‍സ് ആണ് .സംഗതി സമരം ആണ്. ക്ലാസീന്ന് പുറത്തിറങ്ങാം . ചുമ്മാ കറങ്ങാം .ഗുണങ്ങളുള്ള കാര്യമാണ് .പക്ഷെ സീനിയര്സുമായി കഴിഞ്ഞ ദിവസങ്ങളില്‍ തല്ലൊക്കെ ഉണ്ടായതാണ്. അവരെങ്ങാന്‍ ഉടക്കാന്‍ തുടങ്ങിയാല്‍ സംഗതി പാളും. എന്തായാലും നനഞ്ഞു .ഇനി കുളിക്കാന്‍ പറ്റുമോന്നു നോക്കാം . മെല്ലെ സീനിയര്സിന്റെ ക്ലാസിലേക്ക് വലതു കാല്‍ എടുത്തു വച്ചു .
"എന്താടാ വേണ്ടത് ? ". സാറാണോ ..അല്ല ..പുള്ളിക്കാരന് കുഴപ്പമില്ല. ദൈവമേ സീനിയറില്‍ ഒരുത്തനാണ് .ഇതു പണി പാളും ." ഞങ്ങള്‍ക്ക് ഫൈനല്‍ ഇയര്‍ ആണ് .ക്ലാസീന്ന് ഇറങ്ങാന്‍ പറ്റില്ല .".അതെ..അതെ. ഇതു വരെ ഒരു പരീക്ഷയ്ക്കും ജയിക്കാതെ ഫൈനല്‍ ഇയര്‍ എത്തിയവനാണിത് പറയുന്നതു. ഇതു കലിപ്പ് തീര്‍ക്കല്‍ പരിപാടി തന്നെ. എന്ത് ചെയ്യും ?.ഇതു കുളമാകും .പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി പിടിച്ചു വച്ചിരുന്ന മസിലൊക്കെ വിട്ട് ആ സമരത്തിന്റെ ടോണ്‍ ഒക്കെ ഒന്നു മാറ്റി പിടിച്ചു നോക്കി . അവസാനം ചില മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും "നിങ്ങളില്ല്ലെങ്കില്‍ ഞങ്ങള്‍ക്കെന്താഘോഷം " എന്നൊക്കെയുള്ള ചില ഐറ്റം നമ്പരുകളിലൂടെയും അങ്ങനെ അവസാനം അവരെയും ഞങ്ങളങ്ങോട്ടു പുറത്തെത്തിച്ചു .

പിന്നങ്ങോട്ട് എല്ലാവരും കൂടി കൂട്ടായ സമരം വിളികളായിരുന്നു .സിനിയര്‍ ജൂനിയര്‍ ഭേദമില്ലാതെ ആണ്‍ പെണ്‍ ഭേദമില്ലാതെ ..ഹൊ ...തൊണ്ട പൊട്ടുമാറു സമരം വിളിയോട് സമരം വിളി .അപ്പോഴാണ് ചില ബുദ്ധിമാന്മാര്‍ക്ക് തോന്നിയത് .

"എടാ ..സംഗതി ഏറ്റു.. എന്നാ ഇനി ഇതു അനിശ്ചിത കാലത്തെക്കാക്കിയാലോ!!!!!"
(ഹെന്റമ്മോ !!!)

(തുടരും ....)
**-പഠിച്ചത് മുന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍

2 comments:

പകല്‍കിനാവന്‍ | daYdreaMer said...

"അധികാരികളെ അന്ധന്മാരെ അക്കളി തീക്കളി സൂക്ഷിച്ചോ.."
ഒത്തിരി വര്‍ഷം പിറകോട്ടോടി...!

ശ്രീ said...

ഒരു കാര്യവുമില്ലാതെ സമരം അല്ലേ? മിടുക്കന്മാര്‍...