Tuesday, March 3, 2009

ഒരു മൂന്നാര്‍ സമരഗാഥ-2

സമരം അങ്ങനെ പൊടിപൂരമായി നടക്കുകയാണ് . പക്ഷെ പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ ഒന്നും നടന്നുമില്ല . ദിവസവും രാവിലെ വരും .സമരം വിളിക്കും . തിരിച്ചു പോകും അത്ര തന്നെ. സാറന്മാര്ക്കും പ്രിസിപലിനുമൊക്കെ ഒരു കമ്പ്ലീറ്റ് നിസംഗത. ഞങ്ങളിതെത്ര കണ്ടിരിക്കുന്നു എന്ന ഒരു മട്ടും ഭാവവും .ഇതിങ്ങനെ പോയാല്‍ എല്ലാവര്ക്കും മടുക്കും .എന്തെങ്കിലും പുതിയ വഴികള്‍ ആലോചിക്കുക തന്നെ .

അങ്ങനെ ആണ് ഞങ്ങള്‍ ഒരു കുഞ്ഞു പ്രകടനത്തിന് പ്ലാന്‍ ചെയ്യുന്നത് . കുന്നിന്റെ മുകളിലെ കോളേജില്‍ നിന്ന് ടൌണിലേക്ക് ഒരു യാത്ര.. ആ പരിപാടി വിജയം കണ്ടു. കോട്ടും ടൈയുമിട്ട് കുറെയെണ്ണം റോഡില്‍ കൂടി ജാഥയായി നടക്കുന്നു ..കണ്ടവര്‍ കണ്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു.
ഈ പരിപാടി വിജയിച്ചതോടെ ഒരു കാര്യം മനസ്സിലായി . ഈ ചുമ്മാ ഇരുന്നു വെറുതെ സമരം വിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. വല്ല തറ വേലകളും കാണിക്കണം ..(വെറുതെയല്ല ... സമരം ചെയ്യുമ്പോള്‍ പിള്ളേര്‍ വല്ലതുമൊക്കെ എറിഞ്ഞുടയ്ക്കുന്നത് ...).

പിന്നെ പിന്നെ കാര്യങ്ങള്‍ അങ്ങനെ ചൂടാവാന്‍ തുടങ്ങി.. അങ്ങനെ ഘരാവോ ,ഗ്ലാസ് എറിഞ്ഞുടയ്ക്കല്‍(അന്ന് ഓരോ ദിവസവും ഓരോ ജനല്‍ ചില്ലുകള്‍ എന്ന കണക്കില്‍ പൊട്ടിയിരുന്നു . പക്ഷെ സത്യമായും അതാരാണ് ചെയ്തു പോന്നതെന്ന് ഇപ്പോഴും നോ ഐഡിയ ..). . തുടങ്ങിയ കലാപരിപാടികളിലൂടെ സമരരംഗം അങ്ങനെ കൊഴുത്തു വന്നു. പക്ഷെ പെട്ടെന്നാണ് കാര്യങ്ങളൊക്കെ ഒരു വഴിക്കാകാന്‍ തുടങ്ങിയത് . ഒരു സുപ്രഭാതത്തില്‍ കൂടെയുള്ള ഒരുത്തന്റെ വീട്ടില്‍ നിന്നും ഒരു കോള്‍." എന്താടാ നീയൊക്കെ അവിടെ കാട്ടി കൂട്ടുന്നത് ?.സമരം ചെയ്യാനാണോ നിന്നെയൊക്കെ കോളേജില് വിട്ടു പഠിപ്പിക്കുന്നത് ? . ഞങ്ങള്‍ മറ്റന്നാള്‍ കോളേജില്‍ വരുന്നുണ്ട്. പി ടി എ മീറ്റിഗ് !!!!. " ഹെന്റമ്മോ ..ഇങ്ങനെ ഒരു പുലിവാല്‍ ഉണ്ടാകുമെന്ന് ആരും കരുതിയില്ല .

ഓഹോ.. അപ്പോള്‍ ഇതെല്ലാ വീട്ടിലും കിട്ടിയിട്ടുണ്ടാവും ... അങ്ങനെ ഞാനും ആ കോള്‍ പ്രതീക്ഷിച്ചു അങ്ങനെ ഇരിക്കാന്‍ തുടങ്ങി . പ്രതീക്ഷിച്ച പോലെ തന്നെ കാര്യങ്ങള്‍ നീങ്ങി ..വൈകുന്നേരം വിളി വന്നു .

"എന്താടാ അവിടെ സമരം ഒക്കെ ഉണ്ടെന്നു കേള്‍ക്കുന്നു .. നീ ഒന്നും പറഞ്ഞില്ലല്ലോ ...ശെരി ..ഞാന്‍ മറ്റന്നാള്‍ അവിടെ എത്തിയേക്കാം "

ഞാന്‍: "ഹേ എന്ത് സമരം..അതൊരു ചെറിയ പ്രശ്നമല്ലേ.. എല്ലാവരും വരണമെന്നോന്നുമില്ല ..അതവര്‍ വെറുതെ നോട്ടീസ് അയച്ചതായിരിക്കും . വെറുതെ എന്തിനാ കണ്ണൂരില്‍ നിന്നും ഇത്രേം ദൂരം വരുന്നത് ?.പോരാത്തതിന് ഇവിടെ നല്ല തണുപ്പും. വേണ്ട ഇപ്പൊ വരണ്ട. "..
"ഓഹോ ..ശെരി .."
ഫൊണ്‍ വച്ചു .... ദൈവമേ...എന്റെ വീട്ടീന്ന് ആരും വരുന്നില്ല ...ഹയ്യട ..ഹയ്യാ .. വളരെ മനസമാധാനത്തോടെ അങ്ങനെ ഇരിക്കുമ്പോഴാണ് രാത്രി മറ്റൊരു കോള്‍ . അമ്മയാണ് ...
കോള്‍ എടുത്തു ..

നേരത്തെ കേട്ട ഒരു ശബ്ദമോന്നുമല്ല അപ്പോള്‍ ..
"ഹലോ (ലോ പിച്ച് )" "ഹലോ (ഹൈ ഹൈ പിച്ച് )... ഞാന്‍ മറ്റന്നാള്‍ രാവിലെ അവിടെ എത്തും " ..
ഫൊണ്‍ കട്ട് !!! ...ദൈവമേ ഈ ഒരു മണിക്കൂറില്‍ എന്ത് സംഭവിച്ചു.. ഞാന്‍ കുറച്ചു കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു വിളിച്ചു .. അങ്ങനെ വളരെ സാവകാശം കാര്യങ്ങളൊക്കെ ചോദിച്ചപ്പോഴാണ് ആ ഒരു മണിക്കൂറില്‍ സംഭവിച്ച കാര്യങ്ങള്‍ അങ്ങോട്ട് മനസ്സിലായത്. അതൊരു ഫോണ്‍ കോള്‍ ആയിരുന്നു ..അതിന്റെ ഒരു ചുരുക്ക രൂപം !!!

"ഹല്ലോ "
"ഹല്ലോ "
"ആരാണ് സംസാരിക്കുന്നത് "
"------സാറല്ലേ ?ഞാന്‍ ഒരു നോട്ടീസ് കിട്ടിയിട്ട് വിളിച്ചതാണ് ".
"ശെരി .."
"അല്ല ..അവിടെ സമരമൊക്കെ നടക്കുന്നെന്ന് കേള്‍ക്കുന്നു "
"അതെ..ചെറിയൊരു പ്രശ്നം..നിങ്ങളുടെ നാടെവിടെയാണ് ?"
"ഞാന്‍ കണ്ണൂരില്‍ നിന്നാണ് ..ഞാന്‍ ഇത്രേം ദൂരം വരേണ്ട ആവശ്യം ഉണ്ടോ?"
"ഹേയ്..ഇല്ലില്ല ...ചെറിയ ഒരു പ്രശ്നമല്ലേ ഉള്ളൂ.. .ബുദ്ധിമുട്ടാണെങ്കില്‍ വരണമെന്നില്ല..ഞങ്ങള്‍ എല്ലാവര്ക്കും നോട്ടീസ് അയച്ചുവെന്നെ ഉള്ളൂ...ആട്ടെ നിങ്ങള്‍ ആരുടെ രക്ഷിതാവാണ് ?"
"ഞാന്‍ ..... ന്റെ രക്ഷിതാവാണ് "
(അപ്പുറത്ത് നിന്ന് ഒരു മിനിറ്റ് നിശബ്ദദ)
"അല്ല ...അല്ലല്ല ...ശെരിക്കും നിങ്ങള്‍ വരണം...വന്നെ പറ്റൂ.. "
"അല്ല..നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത് ബുദ്ധിമുട്ടാണെങ്കില്‍ വരണ്ട എന്ന് "
"അയ്യോ..ഞാനോ ..ഞാന്‍ അങ്ങനെ പറഞ്ഞോ...പറഞ്ഞപ്പോ തെറ്റിപ്പോയതായിരിക്കും..വരണം വന്നെ പറ്റൂ..ഇവിടെ ആകെ പ്രശ്നങ്ങളാണ്...പി ടി എ മീറ്റിംഗില് എല്ലാവരും പങ്കെടുക്കണം ..പങ്കെടുത്തെ പറ്റൂ ... ".

അങ്ങനെ ആ പുള്ളിക്കാരന്‍ എങ്ങനെ കണ്ണൂരില്‍ നിന്നും കോളേജിലേക്ക് വരാം എന്നതിനെപ്പറ്റി ഒരു ക്ലാസ്സുമെടുത്തിട്ടെ ഫോണ്‍ വച്ചുള്ളൂ ..ഏതു ബസില്‍ കയറണം.. എവിടെ ഇറങ്ങണം..ബസിന്റെ നമ്പര്‍ എല്ലാം പുള്ളിക്കാരന്‍ ആ സ്റ്റഡി ക്ലാസ്സില് കവര്‍ ചെയ്തു ..
പിന്നെ എന്റെ അമ്മയുടെ സൌണ്ടിന്റെ പിച്ച് ഇത്രേം കൂടിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ ...

അങ്ങനെ ആ സുദിനം വന്നെത്തി . പി ടി എ മീറ്റിങ്ങ് !!

2 comments:

ശ്രീ said...

അപ്പോ കാര്യങ്ങള്‍ ഒക്കെ ഒരു തീരുമാനമാകാനുള്ള സാധ്യത ആയി അല്ലേ?

Unknown said...

സമരത്തിന്റെ ഒരൊ കാര്യങ്ങളെ...